Wednesday, 15 February 2012

അറിവിന്റെ പാത.

അറിവിന്റെ പാത. സുശിക്ഷിതമായ മൗനം അതിനെ കണ്ടെത്തുമ്പോള്‍ വാചാലത അതു കാണാതെപോവുകയും ചെയ്യുന്നു (ജലാലുദ്ദീന്‍ റൂമി).

ഭാഷയുടെ ബീജാവാപം നടക്കുന്നത് മൗനത്തിന്റെ ഗര്‍ഭപാത്രത്തിലാണ്. മൗനം ആശയത്തെ ഗര്‍ഭം ധരിക്കുന്നു, ചിന്തകളിലൂടെ അതിനെ വളര്‍ത്തുന്നു, വാക്കുകളിലൂടെ അതിനു ജന്മംനല്‍കുന്നു. മൗനമെന്നാല്‍ കേവലാര്‍ഥത്തിലെ ശബ്ദത്തിന്റെ കുറവല്ല. പ്രകടിതമാവാത്ത ബൗദ്ധികതയുടെ നിറവാണ്. ഭാഷയുടെ മുഴുവന്‍ കരുത്തും കുടിയിരിക്കുന്നത് മൗനത്തിലാണ്. മൗനത്തിന്റെ വാല്മീകത്തിലെ ഊര്‍ജത്തിന്റെ ഭൗതികമായ പ്രകാശനം മാത്രമാണ് വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും സാധ്യമാവുന്നത്. പുറമേ തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന ആഴിയുടെ ആഴങ്ങളിലെ പ്രശാന്തതയാണ് ശബ്ദായമാനമായ സമുദ്രോപരിതലത്തെ ഒന്നായി നിര്‍ത്തുന്നത്. ആവിഷ്‌കാരത്തിന്റെ ഭാഷയ്ക്ക് അറിവും പൊരുളും പകര്‍ന്ന് മിഴിവുറ്റതാക്കുമ്പോള്‍ മൗനം നിര്‍വഹിക്കുന്നതും ആഴക്കടലിന്റെ അതേ ദൗത്യമാണ്.

കളങ്കമില്ലാത്ത ബോധമാണ് മൗനം. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ തിരിച്ചറിവിന്റെ അടിത്തറ അതാണ്. ബഹിര്‍ഗമിക്കേണ്ട ഭാഷയുമാണ് മൗനം. ആധുനിക ഭൗതികശാസ്ത്രത്തിന്റെ പദാവലികള്‍ കടംകൊണ്ടാല്‍, മൗനത്തിനുമീതെ ചലനാത്മകമാവുന്ന ഊര്‍ജത്തിന്റെയും അറിവിന്റെയും സൃഷ്ടിയാണ് ചിന്ത. നാഡീവ്യൂഹങ്ങളിലൂടെ ഒരു പ്രത്യേകരീതിയില്‍ സഞ്ചരിക്കുന്ന ചലനാത്മകമായ കണികകളാണ് ചിന്തകള്‍. ഈ ചിന്താകണങ്ങള്‍ താളാത്മകമായി ബുദ്ധിശക്തിയുമായി ചേര്‍ന്ന് വികസിതമാവുമ്പോഴാണ് ഭാഷ ജന്മമെടുക്കുന്നത്. ഭാഷയിലൂടെയുള്ള ആശയവിനിമയ പ്രക്രിയയെ സൂക്ഷ്മമായി നിരീക്ഷിച്ചുനോക്കൂ. ആശയവിനിമയംനടക്കുന്നത് ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൂടെ മാത്രമല്ല; ആശയവിനിമയത്തിലെ തികവെന്നത് വാക്കുകള്‍ക്കിടയിലെ മൗനത്തിന്റെ വിടവുകളാണ്. വാക്കുകള്‍ക്ക് അര്‍ഥം നല്‍കുന്നത് നിശ്ശബ്ദതയുടെ ഈ വിടവുകളാണ്. തിരയിളക്കത്തിന്റെ രൗദ്രത നമ്മില്‍ നിറയ്ക്കുന്നത് ക്ഷണനേരത്തെ സമുദ്രത്തിന്റെ പ്രശാന്തതയാണ്.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്നാമത്തേത് ശരിയെന്നു നമുക്കുതോന്നുന്നത് പറയുവാനുള്ള സംസാരസ്വാതന്ത്ര്യം. രണ്ടാമത്തേതാണ് മൗനത്തിലേക്കു ചേക്കേറുവാനുള്ള നമ്മുടെ സ്വാതന്ത്ര്യം. മറയില്ലാതെ നമ്മോടു സംവദിക്കുന്ന ആന്തരികചോദനയുടെ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ നമ്മെ സഹായിക്കുക മൗനത്തിന്റെ ആ വാല്മീകമാണ്. സംസാരിക്കാന്‍ വേണ്ടത് നിശ്ശബ്ദതപാലിക്കുന്നതിന്റെ എത്രയോ ഇരട്ടി ഊര്‍ജമാണ്. വാചാലമാവുമ്പോള്‍ ഊര്‍ജം ശബ്ദോര്‍ജമായി വാക്കുകളിലൂടെ ചെലവഴിക്കപ്പെടുന്നു. മൗനം ആയുധമാക്കുമ്പോഴാവട്ടെ നിശ്ശബ്ദമായ അവബോധത്തിന്റെ പണിപ്പുരയിലേക്ക് മുഴുവന്‍ ഊര്‍ജവും സംയോജിപ്പിക്കപ്പെടുകയാണ്.

സംസാരിക്കുവാനുള്ള ആവേശം തത്കാലം പിടിച്ചുനിര്‍ത്തിനോക്കുക. ചെലവഴിക്കപ്പെടാത്ത ഊര്‍ജത്തിന്റെ പ്രവാഹം നാഡീവ്യൂഹങ്ങളില്‍ നമുക്ക് അനുഭവിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് മൗനം ഊര്‍ജസംരക്ഷണമാണ്. വാചാലതയുടെ ശബ്ദഘോഷങ്ങള്‍ക്കപ്പുറത്തെ മൗനത്തിന്റെ അനന്തസാധ്യതകളെപ്പറ്റി നല്ലബോധ്യമുള്ളവരാണ് നേതാക്കളൊക്കെയും.

അനുഭവങ്ങളുടെ ആവിഷ്‌കാരം വാക്കുകളാവുമ്പോള്‍ അടിത്തറ മൗനമാണ്. അനുഭവത്തോടു സത്യസന്ധത പുലര്‍ത്തുമ്പോഴാണ് ആവിഷ്‌കാരം വിശ്വസനീയമാവുന്നത്. ഈ വിശ്വസനീയതയാണ് ഫലപ്രദമായ ആശയവിനിമയത്തിന്റെ അടിസ്ഥാനം. ഫലപ്രദമായ ആശയവിനിമയത്തിന്റെ വേരുകള്‍ ചികഞ്ഞുനോക്കുക. അവ ആഴ്ന്നുകിടക്കുന്നത് മൗനത്തിന്റെ വാല്മീകങ്ങളിലായിരിക്കും.

Thursday, 9 February 2012

ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് തെറ്റല്ല: ഡല്‍ഹി അതിരൂപത

ന്യൂഡല്‍ഹി: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ലെന്ന് ഡല്‍ഹി അതിരൂപത വക്താവ് ഡൊമനിക്ക് ഇമ്മാനുവല്‍ . യേശുവിനെ വിമോചനപ്പോരാളിയായി സിപിഐ എം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. അന്ത്യ അത്താഴത്തെക്കുറിച്ചുള്ള പോസ്റ്ററിനെപ്പറ്റി വിവാദമുണ്ടായപ്പോള്‍ത്തന്നെ പോസ്റ്റര്‍ നീക്കം ചെയ്ത പാര്‍ട്ടിയുടെ നടപടി സ്വാഗതാര്‍ഹമാണ്. പോസ്റ്റര്‍ നീക്കം ചെയ്തതോടെ വിവാദം അവസാനിക്കേണ്ടതായിരുന്നു. കമ്യൂണിസ്റ്റുകാര്‍ ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രിസ്തു മതവും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പീഡിതരുടെയും മോചനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ശൈലിയില്‍ മാത്രമാണ് പാര്‍ട്ടിയുമായി മതത്തിന് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒറീസയിലും മറ്റും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ സിപിഐഎം മാത്രമാണ് രക്ഷക്കെത്തിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പുതിയ മുഖങ്ങള്‍

ഉപ്പോളം വരുമോ ഉപ്പിലിട്ടതെന്ന ചോദ്യം ന്യായം. പള്ളിയോളം വരുമോ പള്ളിപ്പത്രം എന്നുമാത്രം ചോദിക്കരുത്. പള്ളി കാണാത്തത് പള്ളിപ്പത്രം കാണും. പള്ളി പറയാത്തത് പള്ളിപ്പത്രം പറയും. പുതിയ മുഖങ്ങളുടെ കാലമാണിത്. ഇറ്റലിയില്‍നിന്നോ മറ്റോ ഒരു കുടുംബത്തെ കൊണ്ടുവന്ന് കുടിയിരുത്തി തൊഴിലെടുപ്പിച്ചാണ് ആസ്ഥാന പള്ളിപ്പത്രം പുതിയ മുഖംമൂടി പണിതത്. അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കുര്‍ബാന ഞായറാഴ്ചയുടെ സുപ്രഭാതത്തില്‍ . നെറ്റിയില്‍ ഒട്ടിച്ചത് അവസാനത്തെ അത്താഴത്തിന്റെ ചിത്രം. ഡാവിഞ്ചി വരച്ച തിരുവത്താഴമല്ല- ഇന്റര്‍നെറ്റില്‍ ആരോ പ്രചരിപ്പിച്ച ഒരു രാഷ്ട്രീയ പാരഡി. ബറാക് ഒബാമയും സോണിയഗാന്ധിയും രാഹുലും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം മേശയ്ക്കരികിലിരുന്ന് സുഖഭോജനം നടത്തുന്ന ഗ്രൂപ്പ് ഫോട്ടോ. ഇത് മുതലാളിത്തത്തിന്റെ അവസാന അത്താഴമെന്ന് അടിക്കുറിപ്പ്. "പാര്‍ടി പോസ്റ്ററില്‍ ക്രിസ്തുവിനെ ഒബാമയാക്കി" എന്ന വാര്‍ത്തയ്ക്കൊപ്പമാണ് പള്ളിപ്പത്രം ഈ പാരഡിച്ചിത്രമടങ്ങിയ ബോര്‍ഡ് അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്താണ് ബോര്‍ഡ് വന്നതെന്ന് പത്രം മാലോകരെ അറിയിച്ചു. വായിച്ചവര്‍ കൗതുകത്തോടെ അങ്ങോട്ടുചെന്നു. അവിടെ അങ്ങനെയൊരു ബോര്‍ഡില്ല. കുറെ ദിവസംമുമ്പ് ഒരു ബോര്‍ഡ് വച്ചിരുന്നു; അപ്പോള്‍ത്തന്നെ എടുത്തുമാറ്റുകയും ചെയ്തു എന്ന് നാട്ടുകാരുടെ സാക്ഷ്യം. ആകെ കണ്ടവര്‍ പത്തോ നൂറോ. പള്ളിപ്പത്രത്തിന് യേശുവിനോട് അദമ്യമായ സ്നേഹം ഉണ്ടാകണമല്ലോ. അതുകൊണ്ട് നൂറുപേര്‍ കണ്ട ബോര്‍ഡ് ലക്ഷങ്ങളെ കാണിച്ചേ അടങ്ങൂ എന്ന് ശപഥം ചെയ്തു. അങ്ങനെ പത്രം ചെല്ലുന്നിടത്തെല്ലാം യേശു അപമാനിക്കപ്പെട്ടു.



തൃക്കണ്ണാപുരത്ത് ഒരു ബോര്‍ഡ് വച്ചാല്‍ മാറുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് എന്ന് ധരിച്ചുവശായ ചിലരും കോണ്‍ഗ്രസ്രക്തം സിരകളിലോടുന്ന മറ്റുചിലരും ചാടി റോഡിലിറങ്ങി. പള്ളിപ്പത്രംവക വിപ്ലവം അങ്ങനെ ആരംഭിച്ചു. പക്ഷേ ചീറ്റിപ്പോയി. ആദ്യം യേശുവിനെ അപമാനിച്ചത് ഈ പത്രംതന്നെയെന്നും ഇപ്പോള്‍ അപമാനിക്കല്‍ ആവര്‍ത്തിച്ചതിന്റെ കൂലിയും ഇവര്‍ക്കുതന്നെയെന്നും വെളിപ്പെട്ടപ്പോള്‍ വലിച്ചുപൊട്ടിച്ച റബര്‍ബാന്‍ഡുപോലെ ചുരുണ്ടുപോയി പുതിയ മുഖമുള്ള നമ്മുടെ ജേര്‍ണല്‍ ഓഫ് ചര്‍ച്ച്. കുരിശിലേറ്റപ്പെട്ട ക്രിസ്തുവിനൊപ്പം വി പി സിങ്ങിനെ ക്രിസ്തുവാക്കി പണ്ട് ഒരു ദുഃഖവെള്ളിയാഴ്ച നാളില്‍ തിരുച്ചിത്രം വക്രീകരിച്ച പാരമ്പര്യമോര്‍ത്തുകൊണ്ടാകാം പുതിയ മുഖത്തിന്റെ തിരുപ്പിറവിക്ക് ഞായറാഴ്ചതന്നെ തെരഞ്ഞെടുത്തത്. അന്നാകുമ്പോള്‍ പള്ളിയില്‍ ആളുകള്‍ വരും; പുതിയമുഖം കാണും. കണ്ടാല്‍ വികാരം കത്തിജ്വലിക്കും. വിമോചന സമരകാലത്തെന്നപോലെ കുഞ്ഞുങ്ങളും കൂടുംകുടുക്കയും തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കും. അതോടെ മാര്‍ക്സിസ്റ്റുകാര്‍ ഇരുന്നുപോകും- കോട്ടയത്തെ മലര്‍പ്പൊടിക്കാരന്‍ ഇത്രയും സ്വപ്നമൊക്കെ ന്യായമായും കണ്ടിരുന്നു. ക്രിസ്തു വിമോചകനാണെന്ന് പിണറായി പറഞ്ഞപ്പോള്‍ , പിണറായി പറഞ്ഞത് തെറ്റ് എന്നാണ് രമേശ് ചെന്നിത്തല തിരിച്ചടിച്ചത്. അപ്പോള്‍ ഏതാണ് ശരി? യേശു വിമോചകനല്ല എന്നതോ? ആത്മപ്രശംസയും പരനിന്ദയും നിറഞ്ഞ പ്രാര്‍ത്ഥനയ്ക്കുശേഷം ദൈവപ്രീതി നേടാതെ ദേവാലയത്തില്‍നിന്നു മടങ്ങുന്ന പരീശനെക്കുറിച്ച് യേശു പറഞ്ഞിട്ടുണ്ട്.



രമേശില്‍നിന്ന് പരീശനിലേക്കുള്ള ദൂരം എത്രയാണാവോ. ദൈവനിന്ദ കാട്ടി എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഒരു കവലയില്‍ ഏതാനും നിമിഷം ആരെങ്കിലും ഒരു ബോര്‍ഡുവച്ചാല്‍ നിന്ദിക്കപ്പെടുന്ന മഹത്വമേ യേശുക്രിസ്തുവിനുള്ളൂ എന്ന് ധരിക്കുന്നതിനേക്കാള്‍ വലിയ യേശുനിന്ദ വേറെ ഏതുണ്ട്? യേശുവിനെ ഒബാമയാക്കി ബോര്‍ഡുവന്നത് കൊടുംപാതകം; കര്‍ത്താവിനെ വി പി സിങ്ങാക്കി നാടായ നാട്ടിലെല്ലാം കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച പള്ളിപ്പത്രത്തിന്റെ പണി ഏത് ഗണത്തില്‍ വരും? മാര്‍ക്സിസ്റ്റുകാര്‍ യേശുവിന്റെ പോസ്റ്റര്‍ വച്ചു എന്ന വാര്‍ത്ത വായിച്ച് തലസ്ഥാനത്തെ ഒരു വികാരി പ്രദര്‍ശനം കാണാന്‍ പോയി. കണ്ട് തൃപ്തിപ്പെട്ട് പിറ്റേന്ന് പള്ളിയില്‍ കുര്‍ബാന സമയത്ത് ചോദിച്ചു; മാര്‍ക്സിസ്റ്റുകാര്‍ യേശുവിനെ ആദരിക്കുന്നതില്‍ ഇവര്‍ക്കെന്താണിത്ര വിഷമം എന്ന്. സംഗതി അതാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് തിരിച്ചറിവുണ്ട്; പള്ളിക്കും ഉണ്ട്. അതുകൊണ്ട് വന്ദ്യവയോധിക പുരോഹിതര്‍ പള്ളിപ്പത്രത്തിന് കൂട്ടുപാടിയില്ല. എന്നിട്ടും പക്ഷേ പുതിയ മുഖവുമായി പത്രം നടനം തുടരുകയാണ്്. അതല്ലാതെ നിവൃത്തിയില്ല. പുതുപ്പള്ളിക്കാരന്‍ കുഴപ്പത്തിലാണ്.

Wednesday, 8 February 2012

കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക്‌ രാത്രികാല ബസ്‌ സര്‍വീസ്‌

കോര്‍ക്ക്‌: അയര്‍ലണ്ടിലെ കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ എയപോര്‍ട്ടിലേക്ക്‌ ആഡംബര ബസ്‌ ഓപ്പറേറ്റര്‍ ആയ, എയര്‍കോച്ച്‌ രാത്രികാല സര്‍വീസ്‌ ആരംഭിച്ചു. രാത്രി ഒരു മണിക്കു കോര്‍ക്ക്‌ സിറ്റിയിലെ പാട്രിക്ക്‌ ക്വീയില്‍ നിന്നും പുറപ്പെടുന്ന ബസ്‌ വെളുപ്പിനെ 4 .40 ന്‌ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തും. തുടര്‍ന്ന്‌ അഞ്ചരയോടു കൂടി ഡബ്ലിന്‍ സിറ്റി സെന്ററില്‍ എത്തും. ഫെര്‍മോയി, മിച്ചല്‍സ്‌ടൗണ്‍, കാഷല്‍, അര്‍ലിംഗ്‌ഫോര്‍ഡ്‌, ഡുറോ, അബ്ബിലിക്‌സ്, പോര്‍ട്ട്‌ലീഷ്‌ എന്നീ സ്‌ഥലങ്ങളില്‍ ബസ്‌ സ്‌റ്റോപ്പ്‌ ഉണ്ടായിരിക്കും. പുതിയ ബസ്‌ സര്‍വീസ്‌ കോര്‍ക്കില്‍ നിന്നും, ഡബ്ലിന്‍ എയര്‍ പോര്‍ട്ട്‌ വഴി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാര്‍ക്കും, വിസാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഡബ്ലിനില്‍ രാവിലെ എത്തേണ്ടവര്‍ക്കും, പ്രത്യേകിച്ച്‌ കേരളത്തിലേക്ക്‌ പോകുന്ന നിരവധി മലയാളികള്‍ക്കും ഏറെ സൗകര്യപ്രദമായിരിക്കും. മുന്‍കൂട്ടി ഓണ്‍ലൈന്‍ ആയി സീറ്റ്‌ ബുക്ക്‌ ചെയ്യുവാനുള്ള സൗകര്യവും, യാത്രാനിരക്കും, ഓരോ സ്‌റ്റോപ്പിലും ബസ്‌ എത്തുന്ന സമയവും, റൂട്ട്‌ മാപ്പും,എയര്‍കോച്ച്‌ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

Saturday, 4 February 2012

ജര്‍മനിയില്‍ ശൈത്യം രൂക്ഷം

ഫ്രാങ്ക്‌ഫര്‍ട്ട്‌: ജര്‍മനിയില്‍ ശൈത്യം രൂക്ഷമാകുന്നു. ഫ്രാങ്ക്‌ഫര്‍ട്ടിനടുത്ത്‌ ഓഫന്‍ബാഹിലെ ജര്‍മന്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഫെബ്രുവരി രണ്ടിനെ ഏറ്റവും തണുപ്പേറിയ രാത്രിയായി രേഖപ്പെടുത്തി. മൈനസ്‌ 23.6 ഡിഗ്രി സെന്റിഗ്രേഡ്‌ താപനിലയാണ്‌ ഈ രാത്രിയില്‍ ജര്‍മന്റെ കിഴക്കന്‍ സംസ്‌ഥാനമായ സാക്‌സണിലെ ഫോക്‌റ്റ്ലാന്‍ഡ്‌ ജില്ലയില്‍ രേഖപ്പെടുത്തിയത്‌. എല്ലാ ജര്‍മന്‍ സംസ്‌ഥാനങ്ങളിലും രണ്ട്‌ അക്ക മൈനസ്‌ താപനില രാത്രികളിലും, മൈനസ്‌ 10 മുതല്‍ 12 ഡിഗ്രി സെന്റിഗ്രേഡ്‌ താപനില പകലും അനുഭവപ്പെടുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന സൈബീരിയന്‍ തണുപ്പ്‌ ഈ വാരാന്ത്യത്തിലും തുടരുമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. കടുത്ത തണുപ്പിനെ തുടര്‍ന്ന്‌ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ 114 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്‌തു. പല വീടുകളിലും, സ്‌ഥാപനങ്ങളിലും ഹീറ്റിംഗ്‌ സമ്പ്രദായത്തിന്‌ തകരാറുകള്‍ സംഭവിക്കുന്നതും കാറുകള്‍ക്ക്‌ സ്‌റ്റാര്‍ട്ടിംഗ്‌ വിഷമതകളുണ്ടാകുന്നതും ജനജീവിതം ദുരിതത്തിലാക്കുന്നു.