Wednesday, 15 February 2012

അറിവിന്റെ പാത.

അറിവിന്റെ പാത. സുശിക്ഷിതമായ മൗനം അതിനെ കണ്ടെത്തുമ്പോള്‍ വാചാലത അതു കാണാതെപോവുകയും ചെയ്യുന്നു (ജലാലുദ്ദീന്‍ റൂമി).

ഭാഷയുടെ ബീജാവാപം നടക്കുന്നത് മൗനത്തിന്റെ ഗര്‍ഭപാത്രത്തിലാണ്. മൗനം ആശയത്തെ ഗര്‍ഭം ധരിക്കുന്നു, ചിന്തകളിലൂടെ അതിനെ വളര്‍ത്തുന്നു, വാക്കുകളിലൂടെ അതിനു ജന്മംനല്‍കുന്നു. മൗനമെന്നാല്‍ കേവലാര്‍ഥത്തിലെ ശബ്ദത്തിന്റെ കുറവല്ല. പ്രകടിതമാവാത്ത ബൗദ്ധികതയുടെ നിറവാണ്. ഭാഷയുടെ മുഴുവന്‍ കരുത്തും കുടിയിരിക്കുന്നത് മൗനത്തിലാണ്. മൗനത്തിന്റെ വാല്മീകത്തിലെ ഊര്‍ജത്തിന്റെ ഭൗതികമായ പ്രകാശനം മാത്രമാണ് വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും സാധ്യമാവുന്നത്. പുറമേ തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന ആഴിയുടെ ആഴങ്ങളിലെ പ്രശാന്തതയാണ് ശബ്ദായമാനമായ സമുദ്രോപരിതലത്തെ ഒന്നായി നിര്‍ത്തുന്നത്. ആവിഷ്‌കാരത്തിന്റെ ഭാഷയ്ക്ക് അറിവും പൊരുളും പകര്‍ന്ന് മിഴിവുറ്റതാക്കുമ്പോള്‍ മൗനം നിര്‍വഹിക്കുന്നതും ആഴക്കടലിന്റെ അതേ ദൗത്യമാണ്.

കളങ്കമില്ലാത്ത ബോധമാണ് മൗനം. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ തിരിച്ചറിവിന്റെ അടിത്തറ അതാണ്. ബഹിര്‍ഗമിക്കേണ്ട ഭാഷയുമാണ് മൗനം. ആധുനിക ഭൗതികശാസ്ത്രത്തിന്റെ പദാവലികള്‍ കടംകൊണ്ടാല്‍, മൗനത്തിനുമീതെ ചലനാത്മകമാവുന്ന ഊര്‍ജത്തിന്റെയും അറിവിന്റെയും സൃഷ്ടിയാണ് ചിന്ത. നാഡീവ്യൂഹങ്ങളിലൂടെ ഒരു പ്രത്യേകരീതിയില്‍ സഞ്ചരിക്കുന്ന ചലനാത്മകമായ കണികകളാണ് ചിന്തകള്‍. ഈ ചിന്താകണങ്ങള്‍ താളാത്മകമായി ബുദ്ധിശക്തിയുമായി ചേര്‍ന്ന് വികസിതമാവുമ്പോഴാണ് ഭാഷ ജന്മമെടുക്കുന്നത്. ഭാഷയിലൂടെയുള്ള ആശയവിനിമയ പ്രക്രിയയെ സൂക്ഷ്മമായി നിരീക്ഷിച്ചുനോക്കൂ. ആശയവിനിമയംനടക്കുന്നത് ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൂടെ മാത്രമല്ല; ആശയവിനിമയത്തിലെ തികവെന്നത് വാക്കുകള്‍ക്കിടയിലെ മൗനത്തിന്റെ വിടവുകളാണ്. വാക്കുകള്‍ക്ക് അര്‍ഥം നല്‍കുന്നത് നിശ്ശബ്ദതയുടെ ഈ വിടവുകളാണ്. തിരയിളക്കത്തിന്റെ രൗദ്രത നമ്മില്‍ നിറയ്ക്കുന്നത് ക്ഷണനേരത്തെ സമുദ്രത്തിന്റെ പ്രശാന്തതയാണ്.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്നാമത്തേത് ശരിയെന്നു നമുക്കുതോന്നുന്നത് പറയുവാനുള്ള സംസാരസ്വാതന്ത്ര്യം. രണ്ടാമത്തേതാണ് മൗനത്തിലേക്കു ചേക്കേറുവാനുള്ള നമ്മുടെ സ്വാതന്ത്ര്യം. മറയില്ലാതെ നമ്മോടു സംവദിക്കുന്ന ആന്തരികചോദനയുടെ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ നമ്മെ സഹായിക്കുക മൗനത്തിന്റെ ആ വാല്മീകമാണ്. സംസാരിക്കാന്‍ വേണ്ടത് നിശ്ശബ്ദതപാലിക്കുന്നതിന്റെ എത്രയോ ഇരട്ടി ഊര്‍ജമാണ്. വാചാലമാവുമ്പോള്‍ ഊര്‍ജം ശബ്ദോര്‍ജമായി വാക്കുകളിലൂടെ ചെലവഴിക്കപ്പെടുന്നു. മൗനം ആയുധമാക്കുമ്പോഴാവട്ടെ നിശ്ശബ്ദമായ അവബോധത്തിന്റെ പണിപ്പുരയിലേക്ക് മുഴുവന്‍ ഊര്‍ജവും സംയോജിപ്പിക്കപ്പെടുകയാണ്.

സംസാരിക്കുവാനുള്ള ആവേശം തത്കാലം പിടിച്ചുനിര്‍ത്തിനോക്കുക. ചെലവഴിക്കപ്പെടാത്ത ഊര്‍ജത്തിന്റെ പ്രവാഹം നാഡീവ്യൂഹങ്ങളില്‍ നമുക്ക് അനുഭവിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് മൗനം ഊര്‍ജസംരക്ഷണമാണ്. വാചാലതയുടെ ശബ്ദഘോഷങ്ങള്‍ക്കപ്പുറത്തെ മൗനത്തിന്റെ അനന്തസാധ്യതകളെപ്പറ്റി നല്ലബോധ്യമുള്ളവരാണ് നേതാക്കളൊക്കെയും.

അനുഭവങ്ങളുടെ ആവിഷ്‌കാരം വാക്കുകളാവുമ്പോള്‍ അടിത്തറ മൗനമാണ്. അനുഭവത്തോടു സത്യസന്ധത പുലര്‍ത്തുമ്പോഴാണ് ആവിഷ്‌കാരം വിശ്വസനീയമാവുന്നത്. ഈ വിശ്വസനീയതയാണ് ഫലപ്രദമായ ആശയവിനിമയത്തിന്റെ അടിസ്ഥാനം. ഫലപ്രദമായ ആശയവിനിമയത്തിന്റെ വേരുകള്‍ ചികഞ്ഞുനോക്കുക. അവ ആഴ്ന്നുകിടക്കുന്നത് മൗനത്തിന്റെ വാല്മീകങ്ങളിലായിരിക്കും.

No comments:

Post a Comment