Friday, 27 January 2012

ഫ്രാങ്ക്‌ഫര്‍ട്ട്‌: ഭാരതത്തിന്റെ 63ാമത്‌ റിപ്പബ്‌ളിക്‌ ദിനം ഫ്രാങ്ക്‌ഫര്‍ട്ട്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ ടറന്‍ജിത്‌ സിംഗ്‌ സന്തു ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ അദ്ദേഹം പ്രസിഡന്റിന്റെ റിപ്പബ്‌ളിക്‌ ദിന സന്ദേശം വായിച്ചു. ഫ്രാങ്ക്‌ഫര്‍ട്ടിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, എയര്‍ ഇന്ത്യ, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്‌റ്റ് ഓഫീസ്‌ എന്നിവയിലെ സ്‌റ്റാഫ്‌ അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ റിപ്പബ്‌ളിക്‌ ദിനാഘോഷത്തില്‍ പങ്കെടുത്തു.

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ പ്രതീപ്‌ ചൗധരിയായിരുന്നു ചടങ്ങിന്റെ മുഖ്യാതിഥി. കോണ്‍സുല്‍ ജനറലിന്‌ അദ്ദേഹം ഉപഹാരം സമ്മാനിച്ചു.

നിലച്ചത്‌ സാഗരഗര്‍ജനം

വിടവാങ്ങിയത്‌ വിമര്‍ശനങ്ങള്‍ കൊണ്ട്‌ ആയിരക്കണക്കിനു വേദികളെ വിറപ്പിച്ച പ്രഭാഷണ കുലപതി. ഒരിക്കല്‍ പ്രസംഗംകേട്ട ശേഷം വൈക്കം മുഹമ്മദ്‌ ബഷീര്‍ വിശേഷിപ്പിച്ചതു ഘനഗംഭീരമായ സാഗര ഗര്‍ജനം എന്ന്‌. സാഹിത്യ വിമര്‍ശകനായി ആരംഭിച്ച ആ ജീവിതം അവസാനിച്ചത്‌ ആരെയും വിറപ്പിച്ച ഗര്‍ജനങ്ങള്‍ക്കൊടുവില്‍. വിദ്യാഭ്യാസ വിചക്ഷണന്‍, അധ്യാപകന്‍, എഴുത്തുകാരന്‍, രാഷ്‌ട്രീയക്കാരന്‍, പ്രഭാഷകന്‍ അങ്ങനെ ഏതു രംഗത്തും കൂട്ടിയോജിപ്പിക്കാവുന്ന പേരായിരുന്നു അഴീക്കോട്‌ എന്നത്‌. ഏതുരംഗത്താകട്ടെ, ആരെയും മുഖം നോക്കാതെ ആക്രമിക്കാനും മടി കാട്ടിയിരുന്നില്ല.

പൊതു ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ അഴീക്കോടിന്റെ വിമര്‍ശനമേറ്റതു മഹാകവി ജി. ശങ്കരകുറുപ്പിന്‌. അവസാനകാലത്തു മെഗാതാരം മോഹന്‍ലാലിനും. ഇടയ്‌ക്കുയര്‍ന്ന വിമര്‍ശന വേലിയേറ്റങ്ങള്‍ യഥാര്‍ഥത്തില്‍ സാഗര ഗര്‍ജനങ്ങള്‍ തന്നെയായിരുന്നു. ഇതു ഭയക്കാതിരുന്നവര്‍ ചുരുക്കം. എന്തിനോടും അഴീക്കോടിന്റെ പ്രതികരണത്തിനു മലയാളികള്‍ കാതോര്‍ത്തു. വിമര്‍ശനങ്ങളാകട്ടെ മൗലികവും വ്യത്യസ്‌തവും. കാവ്യരംഗത്തു കത്തിനില്‍ക്കുമ്പോഴാണു ശങ്കരക്കുറുപ്പിനെ പൊളിച്ചെഴുതുന്നത്‌. എങ്കിലും അഴീക്കോടിന്റെ നിലപാടുകളോടു വിയോജിച്ചിരുന്നവരും നിരവധി. ഇടതുപക്ഷത്തിന്റെ ചില്ലയില്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പറ്റം ചേര്‍ന്നിരുന്നപ്പോഴാണ്‌ അഴീക്കോട്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാകുന്നത്‌.

എസ്‌.കെ. പൊറ്റക്കാടിനോടു മത്സരിച്ചു, തോറ്റു. കോണ്‍ഗ്രസ്‌ ജീര്‍ണിക്കുന്നെന്നു പ്രസംഗിച്ചു പ്രജാ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയില്‍ പോകാന്‍ തീരുമാനിച്ച കെ. കേളപ്പനെ അതേവേദിയില്‍ അഴീക്കോട്‌ ആക്രമിച്ചു കോണ്‍ഗ്രസിനെ രക്ഷിച്ചു. പിന്നെ, കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം ജീര്‍ണിക്കുന്നെന്ന വിമര്‍ശനമുയരുന്ന കാലത്താണ്‌ അഴീക്കോട്‌ ഇടതുപക്ഷക്കാരനായത്‌. വിമര്‍ശിച്ചു വിമര്‍ശിച്ച്‌ ഇടതുപക്ഷക്കാരനായി എന്നാണ്‌ അഴീക്കോടുതന്നെ വിശേഷിപ്പിച്ചിരുന്നത്‌.

എം.എന്‍. വിജയനെപ്പോലുള്ളവര്‍ പരസ്യമായി കലഹിക്കുന്ന കാലത്തും ഇടതുപക്ഷത്തിന്റെ നാവായിരുന്നു അഴീക്കോട്‌. വിജയന്‍ മാഷ്‌ അന്തരിച്ചപ്പോള്‍ പോലും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ മടിച്ചില്ല. രാഷ്‌ട്രീയ നിലപാടുകള്‍നോക്കി സാഹിത്യത്തെ വിലയിരുത്തുന്നത്‌ കാക്കമുട്ടയ്‌ക്കുമേല്‍ കുയില്‍ അടയിരിക്കുന്നതുപോലെയാണെന്നു പു.ക.സയെ വിമര്‍ശിച്ചെങ്കിലും പിന്നീട്‌ സംഘത്തിന്റെ വേദികളിലെ സ്‌ഥിരം സാന്നിധ്യമായി. ഇ.എം.എസ്‌. അടക്കം പഴയ നിലപാടുകള്‍ തിരുത്തി എന്ന്‌ അദ്ദേഹം ന്യായീകരിച്ചു.

വി.എസിനെതിരേ ഒരിക്കല്‍ രംഗത്തെത്തിയപ്പോള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഔദ്യോഗിക വിഭാഗം അഴീക്കോടിനെ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഒരു തെരഞ്ഞെടുപ്പനുഭവം ഒഴികെ രാഷ്‌ട്രീയത്തോട്‌ എന്നും കലഹിച്ച അദ്ദേഹം അതു നിഷേധിച്ചു.

മാത്രമല്ല, ഔദ്യോഗിക വിഭാഗക്കാരും അഴീക്കോടിന്റെ നാവിന്റെ മൂര്‍ച്ച അറിഞ്ഞു. സീറ്റു നിഷേധിക്കപ്പെട്ട വി.എസിന്‌ അതു തിരിച്ചു നല്‍കാനും അഴീക്കോടിന്റെ ലേഖനമിടയാക്കി. ഒരിക്കലും മസ്‌തിഷ്‌കം ആര്‍ക്കും അടിയറവച്ചില്ല അദ്ദേഹം. ഇടതിനു വോട്ടു ചെയ്യാന്‍ പറയുമ്പോഴും സ്വയം വോട്ടുചെയ്യാതിരുന്ന ന്യായവും ആര്‍ക്കും മനസിലായില്ല.

Thursday, 26 January 2012

ഒളിമ്പിക്‌സ് എത്തിക്‌സ് കമ്മീഷണര്‍ രാജിവെച്ചു

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന്റെ എത്തിക്‌സ് കമ്മീഷണര്‍ മെറിഡിത് അലക്‌സാണ്ടര്‍ രാജിവെച്ചു. ഭോപ്പാല്‍ വാതകദുരന്തത്തിന്റെ കാരണക്കാരായ ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍മാരാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

പതിനായിരങ്ങള്‍ ഇപ്പോഴും അപകടത്തിന്റെ ദുരന്തഫലം അനുഭവിക്കുകയാണ്. ഭോപ്പാല്‍ ദുരന്തത്തിന്റെ കാരണക്കാരായ ഡൗ കെമിക്കല്‍സ് 27 വര്‍ഷമായിട്ടും അപകടസ്ഥലം നിര്‍വീര്യമാക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. അലക്‌സാണ്ടറുടെ രാജിയെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്വാഗതം ചെയ്തു.

പ്രവാസികള്‍ വികസനത്തിന്റെ നട്ടെല്ല്: കെ.മുരളീധരന്‍


ഡബ്ലിന്‍: വികസനകാര്യത്തില്‍ പ്രവാസി മലയാളികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ പ്രഥമ ലീഡര്‍ മെമ്മോറിയല്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം.

പ്രവാസി മലയാളികളുടെ അകമഴിഞ്ഞ സഹകരണം കാരണമാണ് നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമായത്.

ലീഡറുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയര്‍പ്പിച്ചാണ് അവാര്‍ഡ്ദാന ചടങ്ങ് ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഐ.ഒ.സി പ്രസിഡന്റ് എമി സെബാസ്റ്റ്യന്റെ അധ്യക്ഷത വഹിച്ചു. പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ കോര്‍ക്കിലെ വിദ്യാര്‍ഥികളായ സിയാ സിറിയക്, നിഖില്‍ ജേക്കബ്ബ് എന്നിവര്‍ക്കും. ഐ.ഒ.സി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളായ കെ.കെ
കൃഷ്ണദാസ്, ഗിരീഷ് പണിക്കര്‍, സുജ സാബു എന്നിവര്‍ക്കും ഞായറാഴ്ച ഉച്ചയ്ക്ക് 1:30ന് താലയില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ ജോയല്‍ റെജി & ക്‌ളൗഡിയ റെജി, ജോയല്‍ ബാബു & ഐശ്വര്യ കുര്യന്‍, സ്റ്റീവ് വര്‍ഗീസ് & ചാള്‍സ് തോമസ്
എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. വിനോദ് മേനോന്‍ (വെബ് ഡിസൈനര്‍), ബിജു കുര്യന്‍ (ഗ്രാഫിക് ഡിസൈനര്‍),
അലക്‌സാണ്‍ടര്‍ തോമസ് (ക്വിസ് മാസ്റ്റര്‍) എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം ലഭിച്ചു.

വി.ഡി.രാജന്‍ (മലയാളം), രാജു കുന്നക്കാട് (പ്രവാസി കേരള കോണ്‍ഗ്രസ് (എം), ജെമിനി തരകന്‍ (ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍), സാബു കല്ലിങ്കല്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍) ഡേവിഡ് ( നെടുമ്പാശേരി ഫാമിലീസ് ഇന്‍ അയര്‍ലന്‍ഡ്), ലൈജു ജോസ് (ഓവര്‍സീസ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍), ജിന്‍സ് കൈതവന (ചെയര്‍മാന്‍, ഒ.ഐ.സി.സി)
തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഐ.ഒ.സി സെക്രട്ടറി ബെന്നി കണ്ണമ്പുഴ സ്വാഗതവും ഐ.ഒ.സി ഡബ്ലിന്‍ കൗണ്ടി പ്രസിഡന്റ് ജോജി എബ്രാഹം നന്ദിയും പറഞ്ഞു. മനോജ് മെഴുവേലി, ബേബി പെരേപ്പാടന്‍, ജിസോയ് വര്‍ഗീസ്, ഡോ.സുമേഷ് മഹാരാജ്, ജോസഫ് പീലിയാനിക്കല്‍, ജൂവല്‍, സുനില്‍ തോമസ്, അനിത് എം.ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, 25 January 2012

ദാവോസ്‌ സാമ്പത്തിക ഉച്ചകോടി 25 ന്‌ ആരംഭിയ്‌ക്കും

ബര്‍ലിന്‍ : സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടി (വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം) 25 ന്‌ ആരംഭിയ്‌ക്കും. ലോകത്ത്‌ മുതലാളിത്ത സമ്പദ്‌ വ്യവസ്‌ഥകള്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ക്യാപ്പിറ്റലിസത്തിന്റെ ഇന്നത്തെ രൂപം കാലഹരണപ്പെട്ടെന്ന ധാരണ വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറത്തില്‍ ശക്‌തമാകും. ക്യാപ്പറ്റലിസത്തിനു പരിഷ്‌കരണ നിര്‍ദേശങ്ങളും ദാവോസില്‍ ഉയരുമെന്നാണ്‌ പ്രതീക്ഷ.

ധാര്‍മികമായ അപചയം കൂടി കണക്കിലെടുക്കുന്നു എന്നതാണ്‌ ഇന്നത്തെ ഈ മുറവിളിയുടെ മെച്ചം. ഭാവിക്കു വേണ്ടി കരുതിവയ്‌ക്കാന്‍ മറന്നു പോയിരിക്കുന്നു എന്നു പല പ്രമുഖരും സമ്മതിക്കുന്നു. സാമൂഹ്യ ഐക്യവും നഷ്‌ടപ്പെടുത്തുന്ന നിലപാടുകളാണ്‌ ഇന്നു ക്യാപ്പിറ്റലിസത്തിലുള്ളതെന്നാണ്‌ ഇതുവരെയുള്ള പൊതു വിലയിരുത്തല്‍.

പ്രശ്‌നപരിഹാരത്തിനു ക്യാപ്പറ്റിലസത്തില്‍ ഇന്നു നിലവിലുള്ള മാര്‍ഗങ്ങളൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. ഇത്തരം മാതൃകകളുമായി മുന്നോട്ടു പോകുന്നത്‌ തകര്‍ച്ചയുടെ ആക്കം കൂട്ടാനേ ഉപകരിക്കൂ എന്നും ഈ സമ്മേളനം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്.

ദാവോസില്‍ 25 ന്‌ തുടങ്ങുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ 110 അംഗ ഇന്ത്യന്‍ സംഘമാണ്‌ പങ്കെടുക്കുന്നത്‌. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മയാണ്‌ സംഘത്തെ നയിക്കുന്നത്‌. വ്യാപാര മന്ത്രിമാരുടെ രണ്ടുയോഗത്തിലും ശര്‍മ പങ്കെടുക്കും.

മന്ത്രിയെ കൂടാതെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‍ടേക്‌ സിംഗ്‌ അലുവാലിയ, ആസൂത്രണകാര്യ സഹമന്ത്രി അശ്വനികുമാര്‍, വാണിജ്യവ്യവസായ കാര്യ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വാര്‍ത്താവിനിമയ ഇന്‍ഫര്‍മേഷന്‍ സഹമന്ത്രി സച്ചിന്‍ പൈലറ്റ്‌ തുടങ്ങിയവരും ഗോദ്‌റെജ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആദി ഗോജ്‌റെജ്‌, ഇന്‍ഫോസിസ്‌ എക്‌സിക്യൂട്ടീവ്‌ കോ ചെയര്‍മാന്‍ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍, വ്യവസായികളായ രാഹുല്‍ ബജാജ്‌, മുകേഷ്‌ അംബാനി, ലക്ഷ്‌മി മിത്തല്‍, സുനില്‍ ഭാരതി മിത്തല്‍, അസിം പ്രേംജി, കെ.പി. സിംഗ്‌, സാമ്പത്തിക വിദഗ്‌ധര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും സംഘത്തിലുണ്ട്. സാമ്പത്തിക ഉച്ചകോടി ഈ മാസം 29 ന്‌ സമാപിയ്‌ക്കും.

Tuesday, 24 January 2012

പുകചുവയ്ക്കുന്ന സ്പാനിഷ് മസാല

തുലാവര്‍ഷത്തിലെ പണിക്കുറ്റമില്ലാത്ത ഒന്നാന്തരം ഒരു ഇടിവാളേറ്റ് കരിഞ്ഞു നില്‍ക്കുന്നവന്റെ തലമണ്ടയില്‍ ഒരു കുലതേങ്ങകൂടി വെട്ടിയിട്ട് നേരം പോക്കുന്നു വിധി, കലിയടങ്ങാതെ ഇരയുടെ കണ്ണില്‍ രാജവെമ്പാലയെക്കൊണ്ട് കൊത്തിക്കുക കൂടി ചെയ്യുന്നു. അങ്ങനെ കണ്ണില്‍ച്ചോരയില്ലാത്ത വിധിയുടെ ഇരയാവുകയാണ് സമീപകാലത്തായി ഓരോ മലയാള സിനിമാ പ്രേക്ഷകനും… അങ്ങനെയുള്ള പ്രേക്ഷകന്റെ വ്രണിതമായ ആസ്വാദനബോധത്തില്‍ മസാല പുരട്ടുകയാണ് 'സ്പാനിഷ് മസാല' എന്ന സിനിമ.

ചാന്തുപൊട്ടിനു ശേഷം ലാല്‍ജോസ് – ബെന്നി പി. നായരമ്പലം – ദിലീപ് എന്നിവര്‍ ഒരുമിക്കുന്നു, അറബിക്കഥയ്ക്ക് ശേഷം വിദേശയുവതി നായികയാവുന്നു, ലാല്‍ജോസിന്റെ ഏറ്റവും ചിലവേറിയതും ഏതാണ്ട് പൂര്‍ണ്ണമായും സ്‌പെയിനില്‍ ചിത്രീകരിക്കുന്നു എന്നിങ്ങനെയൊക്കെയുള്ള പ്രത്യേകതകള്‍ ചേര്‍ന്നതാണ് പ്രണയവും നര്‍മ്മവും സമം ചാലിച്ചൊരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന സ്പാനിഷ് മസാല . ഭക്ഷണപ്രിയനും നല്ലൊരു കുക്കുമായ ശ്രീ നൌഷാദ് ആണ് ഈ സിനിമയ്ക്കുമേല്‍ പണം തൂകിയത്.

പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദില്ലിയിലെ ഒരു സായാഹ്നം.

ഇന്ത്യയിലെ സ്പാനിഷ് അമ്പാസ്സിഡര്‍ ആയിരുന്ന ഫെര്‍ണ്ണാണ്ടസ്സിന്റെ(ക്ലമന്റ്‌സ്) വിടവാങ്ങല്‍ ചടങ്ങ്. ഭാരതത്തെയും ഭാരതസംസ്‌കാരത്തെയും ഏറെസ്‌നേഹിയ്ക്കുന്ന ഫെര്‍ണാണ്ടസ്സ് തിരികെ സ്‌പെയിനിലേയ്ക്ക് മടങ്ങുകയാണ്. ഭാരതത്തില്‍ വച്ച് ഭാര്യയെ നഷ്ടപ്പെട്ട ഫെര്‍ണ്ണാണ്ടസ് തന്റെ ഏക മകളായ കാമിലയെ സംരക്ഷിക്കുന്നതിനായി ആയമ്മയെയും (വിനയ പ്രസാദ്) കൂടാതെ മേനോന്‍(ബിജു മേനോന്‍) എന്ന തന്റെ വിശ്വസ്തനെയും പപ്പന്‍(നെത്സണ്‍) എന്ന കുശിനിക്കാരനെയും സ്‌പെയിനിലേയ്ക്ക് കൂടെ കൂട്ടുന്നു. ഫെര്‍ണാണ്ടസ്സ് ഇന്ത്യയോടുള്ള സ്‌നേഹം വെളിവാക്കുന്നതിനായി മകള്‍ കാമിലയെക്കൊണ്ട് 'ഓമനത്തിങ്കള്‍ കിടാവോ…' എന്ന താരാട്ടുപാട്ട് പാടിപ്പിയ്ക്കുന്നുണ്ട്.(പ്രേക്ഷകരെ തുടക്കത്തിലേ ഉറക്കിക്കിടത്താനാണെന്ന് തിരക്കാഥാകൃത്ത് ചിന്തിച്ചിട്ടുണ്ടാവില്ല..എങ്കിലും ഉറങ്ങി പോവുന്നവര്‍ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ പറയും)

ഈ വിടവാങ്ങല്‍ ചടങ്ങ് നടക്കുന്നതിന്റെ പിറ്റേ ദിവസം / കേരളത്തിലെ ഒരു സ്‌കൂളിലെ ക്ലാസ്സ് റൂം

അവിടെ ചാര്‍ളി എന്ന കുട്ടി റ്റ്വിങ്കിള്‍ 'റ്റ്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന പാട്ട് തെറ്റിച്ച് പാടി മാഷിന്റെ ശാസന ഏല്‍ക്കുന്നു. ഇംഗ്ലീഷിനോട് ചാര്‍ളിയ്ക്ക് താല്പര്യമില്ലെത്രെ! അതിനവന് കാരണവുമുണ്ട്. 'machine' എന്നതിനെ 'മച്ചിനി' എന്നു വായിക്കാതെ 'മെഷീന്‍' എന്ന് പറയുന്നതിലെ വൈരുദ്ധ്യവും 'put'േ പുട്ട് പുട്ടാണെന്നിരിക്കെ 'but'േ ബുട്ട് ആവാതെ 'ബട്ട്' ആവുന്നതിലെ സ്ഥിരതയില്ലായ്മയും Knife എന്നെഴുതി 'നൈഫ്' എന്നുവായിച്ച് 'K' എന്ന അക്ഷരത്തെ പാഴാക്കാന്‍ കാണിക്കുന്ന ധാരാളിത്തവുമൊക്കെയാണ് കൊച്ചു ചാര്‍ളിയെ ഇംഗ്ലീഷ് വിരോധി ആക്കുന്നത്. ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ആണെന്നും അത് പഠിയ്ക്കാതെ ഭാവിയില്ലെന്നുമുള്ള സന്ദേശം അധ്യാപകന്റെ വായിലൂടെ തിരക്കഥാകൃത്ത് നമുക്ക് സിനിമയുടെ തുടക്കത്തില്‍ തന്നെ തരുന്നു. ഇംഗ്ലീഷ് വിരോധിയായ ചാര്‍ളിയെ മാഷ് സ്‌കൂളില്‍ നിന്നുതന്നെ പുറത്താക്കുകയാണ്.

പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം സ്‌പെയിനിലെ ഒരു സായാഹ്നം.

സ്വാഭാവികമായും കഥാനായകനായ ചാര്‍ളി(ദിലീപ്))യ്ക്ക് 16 വര്‍ഷത്തെ വളര്‍ച്ച ഉണ്ടാവണമല്ലോ. ഉണ്ടായിട്ടുണ്ട്. ട്വിങ്കിള്‍ ട്വിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍ പാടുന്ന ക്ലാസ്സില്‍ നിന്നും 16 വയസ്സ് വളര്‍ന്നാല്‍ ഏതാണ്ട് 2627 വയസ്സുകാരനാവണം ചാര്‍ളി. താഴെയുമാവാം. എന്നാല്‍ മൂപ്പ് ഇവിടെ ഇത്തിരി കൂടിയിട്ടുണ്ട്. കാഴ്ചയില്‍ ഒരു 3840 മതിയ്ക്കും. കണ്ടില്ലെന്ന് നടിച്ചേക്കുക. സിനിമയല്ലേ. പുതുമയായി കണ്ടാല്‍ മതി.

മിമിക്രി കലാകാരനും തട്ടുകട നടത്തിപ്പുകാരനും ഒറ്റയ്‌ക്കെടുത്താല്‍ ഉയരാത്തവിധം ജീവിതപ്രാരാബ്ദങ്ങള്‍ ഏറിയവനുമായ ചാര്‍ളി എന്ന യുവാവ് സ്‌പെയിനില്‍ കലാപ്രകടനത്തിനായി പോവുകയും തിരിച്ചുമടങ്ങാതെ അവിടെത്തന്നെ കുക്ഷി നിറയ്ക്കാനുള്ള വഴി തേടുകയും ചെയ്യുന്നിടത്താണ് കഥയുടെ ശരിയായ വളര്‍ച്ച തുടങ്ങുന്നത്. ആരുടെ ശബ്ദവും ഒരു തവണ കേട്ടാല്‍ മതി ചാര്‍ളിയ്ക്ക് അനുകരിയ്ക്കാന്‍! എന്‍.എസ് മാധവന്റെ 'വായന' എന്ന കഥയിലെ സുധാകരനെപ്പോലെ ആകാശത്തിലെ മേഘങ്ങളെ വായിക്കാനുള്ള കഴിവും ചാര്‍ളിയ്ക്കുണ്ട്.

നര്‍മ്മവും പ്രണയവും ചാലിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞല്ലോ? സ്‌പെയിനില്‍ നിന്നുള്ള നര്‍മ്മത്തിന്റെ തുടക്കം ചാര്‍ളിയുടെ വെളിയ്ക്കിറങ്ങലില്‍ നിന്നാണ്. വൃത്തിയും വെടിപ്പുമുള്ള വിജനമായ തെരുവില്‍ ഒരു കക്കൂസോ വെളിയ്ക്കിറങ്ങാനുള്ള ഒരു ഒളിയിടമോ കാണാതെ വിഷമിക്കുന്ന ചാര്‍ളിയുടെ ഭാവങ്ങളില്‍ നിന്നാണ് ചിരി തുടങ്ങുന്നത്. തെരുവ് വൃത്തിയും വെടിപ്പുമായി ഇടാന്‍ കാണിച്ച സ്‌പെയിന്‍കാരുടെ 'വൃത്തികേടിനെ'ക്കുറിച്ച് ചാര്‍ളി തന്നോട് തന്നെ പറയുമ്പോള്‍ ചിരി അതിന്റെ പാരമ്യതയില്‍ എത്തും. അതാണ് തിരക്കഥാകൃത്തിന്റെ ഉന്നം. വഴിവക്കില്‍ കണ്ട ഒരു സായിപ്പിനോട് ചാര്‍ളി തന്റെ 'ശോധനാഗ്രഹം' പച്ച മലയാളത്തില്‍ അവതരിപ്പിക്കുന്നു. പഴുത്ത സ്പാനിഷില്‍ സായ്പ്പ് ഉത്തരം കൊടുക്കുന്നു. ചാര്‍ളിയുടെ ഭാവാഭിനയവും ഇത്തരം ഒരു ദുര്‍ഘടസന്ധിയില്‍ അകപ്പെട്ടുപോവുന്നവന്റെ ശരീരഭാഷയും കണ്ട് ചിരിച്ചുപോവുന്ന നിഷ്‌കളങ്കരായ പ്രേക്ഷകര്‍ക്ക് പിന്നെ ചിരിച്ചുപിളര്‍ന്നുപോയ വായ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തെല്ലു പാടു പെടേണ്ടി വരും. എന്തുകൊണ്ടാണ് തിരക്കഥാകൃത്ത് ചാര്‍ളിയ്ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയിലും പ്രാവീണ്യം നല്‍കാതിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? നായരമ്പലത്തിനെയോണോ പ്രേക്ഷകരുടെ മനസ്സ് പഠിപ്പിയ്ക്കുന്നത്. നല്ല കഥയായി.

മജീദ് (ഗോപാലകൃഷ്ണന്‍)എന്ന മലയാളിയുടെ പാതയോരഭക്ഷണ ശാലയില്‍ നളനായി ചാര്‍ളിയ്ക്ക് പണി തരപ്പെടുന്നു. മജീദ് ഒരു കലാകാരസ്‌നേഹിയും പ്രത്യേകിച്ച് ചാര്‍ളിയുടെ ഒരു ആരാധകനുമാണ്. 'സ്പാനിഷ് മസാല' എന്ന പേരില്‍ ചാര്‍ളി തയ്യാറാക്കിയ പ്രത്യേകയിനം ദോശയുടെ ഗന്ധം കഥാനായികയായ 'കാമില' (ഡാനിയേല സഹേരി)യുടെ മൂക്കിലടിയ്ക്കുന്നിടത്ത് ചാര്‍ളിയുടെ തലവര വലത്തേയ്ക്ക് ഇന്‍ഡിക്കേറ്ററിട്ട് സമൃദ്ധിയുടെ അതിവേഗപാതയിലേയ്യ്ക്ക് വഴിമാറി സഞ്ചരിയ്ക്കുന്നു. തുടക്കത്തില്‍ 'ഓമനത്തിങ്കള്‍ കിടാവോ' പാടിയ കിടാവാണ് കാമിലയെന്ന് അറിയുമ്പോള്‍ പ്രേക്ഷകര്‍ വിസ്മയിച്ച് പത്തുവട്ടം പമ്പ കടക്കും. സ്പാനിഷ് അമ്പാസ്സിഡറിന്റെ 'െ്രെഡവറായ' മേനോന്‍ ചാര്‍ളിയെ കൊട്ടാരത്തിലെ ചീഫ് കുക്കായി നിയമിക്കുന്നു. അങ്ങനെ കൊട്ടാരത്തിലെ കുശിനിയില്‍ ചാര്‍ളി നളനായി നിറഞ്ഞു. കൊട്ടാരം മുഴുവന്‍ ചിരിയുടെ പുക നിറഞ്ഞു.

കാമില അന്ധയായ പെണ്‍കുട്ടി ആണെന്ന സത്യം അറിയുമ്പോള്‍ പ്രേക്ഷകന്‍ ചിരിയ്ക്ക് അവധി നല്‍കി വിഷാദഭാവത്തെ മുഖത്ത് നിയമിക്കുന്നു. അതങ്ങനെയല്ലേ പാടുള്ളു. മറ്റൊരാളുടെ കുറവില്‍ ചിരിക്കരുതെന്ന ബോധം നമുക്കുണ്ടല്ലോ. അങ്ങനെയിരിക്കെ കണ്ടുകണ്ട് ബോറഡിച്ചപ്പോള്‍ ചുമ്മാ ഒരു രസത്തിന് കാമില അന്ധയായതല്ല. അതിനു പിന്നില്‍ ഞെട്ടിയ്ക്കുന്ന ഒരു കഥയുണ്ട്. കാമില ആയമ്മയുടെ മകനായ രാഹുലുമായി(കുഞ്ചാക്കോ ബോബന്‍) നല്ല കടുപ്പത്തിലുള്ള പ്രണയമായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അമ്പാസ്സിഡര്‍ എതിരു നില്‍ക്കുകയാണ്. മകള്‍ ആ ബന്ധത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് ബോധ്യമായപ്പോള്‍ പാവം അമ്പാസ്സിഡര്‍ അച്ഛന്‍ മകളുടെ കാമുകനെ കൊന്നുകളയുന്നു. ഇതില്‍ ദു:ഖിതയായ കാമില കാമുകി പിതാവിനെ ഉഗ്രമായൊന്ന് ശപിച്ച് ആത്മഹത്യചെയ്യാനെന്ന ഭാവത്തില്‍ ശീഘ്രം പടിക്കെട്ടുകള്‍ ഇറങ്ങി പോവുന്നു. ആവശ്യത്തിലേറെ ശീഘ്രമായിരുന്നതുകൊണ്ട് പടിക്കെട്ടില്‍ കാല്‍ വഴുതി താഴേയ്യ്ക്ക് ഉരുണ്ടു . അങ്ങനെ പോവുന്ന പോക്കിലാണ് റെറ്റിനയില്‍ രക്തം കട്ടപിടിച്ച് കാഴ്ച പോവുന്നത്. റെറ്റിന കണ്ണിലാണല്ലോ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് കാഴ്ച പോയത് (പൊതുവിഞ്ജാനം നല്‍കുന്നതിലും സിനിമ പിന്നിലല്ല)

രാഹുലിന്റെ ശബ്ദം അനുകരിച്ചും ദോശ ചുട്ടുകൊടുത്തും ചാര്‍ളി കാമിലയുടെ മനസ്സില്‍ കയറിക്കൂടുന്നു. രാഹുലിന്റെ(കുഞ്ചാക്കോ) കൂടെ കാമില നേരത്തെ ഒരു പാട്ടുപാടി നൃത്തം ചെയ്തതുകൊണ്ട് തുലനഭംഗിക്കായി ഒരു പാട്ട് ചാര്‍ളിയ്ക്കായും കൊടുത്തു. പാട്ടിന്റെ വരികളും ഈണവുമൊന്നും മനസ്സില്‍ നില്‍ക്കില്ലെങ്കിലും മുന്തിയ ചില സംഭവങ്ങള്‍ ഇതിനിടയില്‍ സംഭവിയ്ക്കുന്നുണ്ട്. അമ്പാസ്സിഡറിന്റെ പെങ്ങളുടെ കാലങ്ങളായി ഉളുക്കിക്കിടന്നിരുന്ന കഴുത്ത് ചാര്‍ളി തിരുമ്മി നേരെയാക്കുകയും കാമിലയുടെ കണ്ണിനുള്ള ട്രീറ്റ്‌മെന്റ് അവസാനഘട്ടത്തില്‍ എത്തുകയും ചെയ്തു. പാട്ട് തീരുമ്പോള്‍ കാമിലയുടെ കണ്ണിന് പാതി കാഴ്ച കിട്ടി. ഹല്ലേലൂയ. സ്‌തോത്രം.

ചാര്‍ളിയുടെ കാമിലയോടുള്ള സമീപനത്തിലും പരിചരണത്തിലും സംപ്രീതനായ അമ്പാസ്സിഡര്‍ മകളെ ചാര്‍ളിയ്ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. മേനോന്‍ വഴി ഈ വിവരം ചാര്‍ളിയെ അറിയിക്കുന്നു. കേട്ടാപാതി കേള്‍ക്കാത്ത പാതിയെന്നപോലെ ചാര്‍ളി നാട്ടില്‍ നിന്ന് തന്റെ അമ്മയെ വിളിയ്ക്കാന്‍ യാത്രയായി. അമ്പാസ്സിഡര്‍ തന്റെ കടമ നിര്‍വ്വഹിച്ച നിര്‍വൃതിയില്‍ ഹോം തീയേറ്ററില്‍ പോയി ഒരു സി.ഡി യിട്ട് കണ്ടു കൊണ്ടിരിയ്ക്കുന്നു. 'കണ്ടു കണ്ടങ്ങിരിയ്ക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ ' എന്ന ആപ്തവാക്യമനുസരിച്ച് അമ്പാസ്സിഡറിന്റെ ഹൃദയം പണിമുടക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരത്തെ മൃതശരീരമാക്കി മാറ്റി. അതേ സമയം തന്നെ കാമിലയുടെ കണ്ണിന്റെ ബാക്കിയുണ്ടായിരുന്ന കാഴ്ച മടങ്ങി വരികയും ചെയ്തു. മടങ്ങി വന്നത് കാഴ്ച മാത്രമല്ല. അമ്പാസ്സിഡറിന്റെ ബോഡി കാണാനായി മരണപ്പെട്ടുപോയ രാഹുല്‍ (കുഞ്ചാക്കോ ബോബന്‍) പച്ചജീവനോടെ വന്നു. ഇവിടെ ഇന്റര്‍വെല്‍. നാടകീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ഭൂരിപക്ഷം പ്രേക്ഷകരും ബെന്നിയുടെ പ്രതിഭ ഊറിയിറങ്ങുന്ന തൂലികയെ മനസ്സുകൊണ്ട് നമസ്‌കരിച്ച് മൂത്രമൊഴിയ്ക്കാന്‍ പോലും മറന്ന് അവനവന്റെ സീറ്റിലിരുന്നു.

ബാക്കി പറയണോ? എന്തിന്? കാമിലയെ ആര് വിവാഹം കഴിയ്ക്കും എന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടോ?

പപ്പനായി അഭിനയിച്ച നെല്‍സണ്‍ തന്റെ റോള്‍ ഗംഭീരമാക്കിയെന്ന് പറയാതെ വയ്യ. വളരെ കൂളായ അഭിനയം. രസകരം. ദിലീപിന് വേണ്ടി തയ്പ്പിച്ചതുകൊണ്ട് വേഷം അദ്ദേഹത്തിനും ഇണങ്ങി. ബിജുമേനോന്‍ പതിവുപോലെ തന്നെ ഗുമ്മായിട്ടുണ്ട്. ലോകനാഥന്റെ ക്യാമറ സ്‌പെയിനിനെ തെറ്റില്ലാത്തവിധം ഒപ്പിയെടുത്തിട്ടുണ്ട്. കാളപ്പോരും തക്കാളിയേറുമൊക്കെ വേണ്ടത്ര നന്നായോ എന്നും സംശയം. രഞ്ജന്‍ എബ്രാഹം വെടിപ്പായി കത്രിച്ചടുക്കി. വിദ്യാസാഗര്‍ നിരാശപ്പെടുത്തിയോ? 8 കോടിയോളം രൂപയാണ് ഈ ചിത്രത്തിനായി മുടക്കിയതെന്ന് കേള്‍ക്കുന്നു. അത് സത്യമാണെങ്കില്‍ ഇങ്ങനെ ഒരു ചിത്രമൊരുക്കാനായി ഇത്തരമൊരു സാഹസത്തിന് ശ്രീ. നൌഷാദ് തുനിഞ്ഞിറങ്ങണമായിരുന്നോ? കൂടെയിറങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ ചിത്രം ശരാശരി നിലവാരം പുലര്‍ത്തുന്നതാണെന്ന് തോന്നാം. പക്ഷേ, അങ്ങനെയൊരു താരതമ്യം നല്‍കുന്ന ആനുകൂല്യം പറ്റിയാണോ ഒരു ലാല്‍ജോസ് സിനിമ നിലകൊള്ളേണ്ടത്?

നിരാലംബര്‍ക്ക് ആശ്വാസമായി ഷെയറിംഗ് കെയര്‍‍

കോര്‍ക്ക്‌: അയര്‍ലണ്ടിലെ ജീവകാരുണ്യസംഘടനയായ ഷെയറിംഗ്‌ കെയര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോര്‍ക്ക്‌ സൈമണ്‍ കമ്മ്യൂണിറ്റിയുമായി സഹകരിച്ച്‌ അയര്‍ലണ്ടിലെ നിരാലംബരായവര്‍ക്ക്‌ ക്രിസ്‌മസ്‌ ദിനത്തില്‍ ഒരു നേരത്തെ ആഹാരം നല്‍കി. കഴിഞ്ഞ മാസം ഷെയറിംഗ്‌ കെയര്‍ 'വില്‍ട്ടണ്‍ ഡിന്നര്‍ ഈവനിംഗ്‌' എന്ന പേരില്‍ ധനസമാഹരണ പരിപാടി നടത്തിയിരുന്നു. ഷെയറിംഗ്‌ കെയറിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്ക്‌ ഭാരവാഹികള്‍ നന്ദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഷെയറിംഗ്‌ കെയറിന്റെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

Sunday, 22 January 2012

സ്‌നേഹ വാത്സല്യം ഭക്‌തിഗാന ആല്‍ബം പ്രകാശിപ്പിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ സ്‌നേഹ വാത്സല്യം എന്ന ക്രിസ്‌തീയ ഭക്‌തിഗാന ആല്‍ബത്തിന്റെ യൂറോപ്പിലെ പ്രകാശനം ദ്രോഹെടായില്‍ ഫാ.മാത്യു അറക്കപറമ്പില്‍, ആദ്യകോപ്പി ഫാ. ടി. ജോര്‍ജിന്‌

നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന്‌ നടന്ന കുര്‍ബാനയില്‍, ഷെറിന്‍, ബിനു എന്നിവര്‍

ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചു.

മധു ബാലകൃഷ്‌ണന്‍, കെസ്‌റ്റര്‍, ഷിബു, വിത്സണ്‍ പിറവം, എലിസബത്ത്‌ രാജു, സിസിലി,റോസ്‌മി, ജ്യോതി എന്നിവരാണ്‌ 13 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. സുബിന്‍, അലക്‌സ്, ശ്യാം എന്നിവര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ക്രിസ്‌ ഓടിയോസാണ്‌ ആല്‍ബത്തിന്റെ ഇന്ത്യയിലെ വിപണനം ഏറ്റെടുത്തിരിക്കുന്നത്‌. ചടങ്ങില്‍ തോമസ്‌ സ്വാഗതവും, ഗാനരചയിതാവ്‌ സാബു കൊല്ലംമാലില്‍ നന്ദിയും പറഞ്ഞു.

'സ്പാനിഷ് മസാല' കോര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുന്നു

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഷെയറിംഗ് കെയറിന്റെ ധനശേഖരണാര്‍ത്ഥം ഏറ്റവും പുതിയ മലയാള ചിത്രമായ 'സ്പാനിഷ് മസാല' ഫെബ്രുവരി നാലിന് ശനിയാഴ്ച രാവിലെ 11 മണിക്ക് കോര്‍ക്ക് സിറ്റിയില്‍ ഉള്ള ബ്ലാക്ക് പൂള്‍ റീല്‍ പിക്ച്ചറില്‍ പ്രദര്‍ശിപ്പിക്കുന്നു.

ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ്-കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ റൊമാന്റിക് കോമഡി ചിത്രം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കേരളത്തില്‍ ചികിത്സക്കായി രണ്ടുപേര്‍ക്ക് 50,000 രൂപ വീതം ധനസഹായം എത്തിക്കുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞുവെന്നും കഴിഞ്ഞ വര്‍ഷവും കേരളത്തിലെ വിവിധ മേഖലകളില്‍ സഹായം എത്തിച്ചിരുന്നതായും സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 087392412, 0879355632, 0851688881, 0862197719.


Kerala Strikers

ഹൈദരാബാദില്‍ തലനാരിഴ വ്യത്യാസത്തില്‍ വിജയം കൈവിട്ട മോഹന്‍ലാലിന് കൂട്ടര്‍ക്കും കൊച്ചിയില്‍ സ്വപ്‌നതുല്ല്യമായ വിജയം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ മുംബൈ ഹീറോസിനെ പത്ത് വിക്കറ്റിനാണ് കേരള സ്‌ട്രൈക്കേഴ്‌സ് തകര്‍ത്തത്. ലീഗിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്. രാജീവ് പിള്ളയുടെ (75 നോട്ടൗട്ട്) സ്വപ്തുല്ല്യമായ ബാറ്റിങ്ങും ബിനീഷ് കോടിയേരിയുടെ (നാലു വിക്കറ്റ്) മികവുറ്റ ബൗളിങ്ങുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ ചെന്നൈ റൈനോസിനോടാണ് കേരളം തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ മികവുറ്റ ബൗളിങ് കൊണ്ടാണ് കേരളം ആദ്യം കടിഞ്ഞാണിട്ടു നിര്‍ത്തിയത്. ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്. നാലു വിക്കറ്റെടുത്ത ബിനീഷ് കോടിയേരിയുടെയും രണ്ടു വിക്കറ്റെടുത്ത ഉണ്ണി മുകുന്ദന്റെയും സൈജു കുറുപ്പിന്റെയും ബൗളിങ്ങാണ് കേരളത്തിന് തുണയായത്. വരുണ്‍ ബദോല (25), ഷബീര്‍ (25) എന്നിവരാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍മാര്‍. ഓപ്പണര്‍ ദല്‍ഗ 16 ഉം റിതേഷ് 15 ഉം റണ്‍സെടുത്തു. ഒരുവേള മികച്ച സ്‌കോറിലേയ്ക്ക് മുന്നേറുമെന്ന് കരുതിയ മുംബൈയെ മാറിമാറിവന്ന കേരള ബൗളര്‍മാര്‍ ശരിക്കും വരിഞ്ഞുകെട്ടുകയായിരുന്നു. അവസാന ഓവറില്‍ മാത്രം ബിനീഷ് മൂന്ന് വിക്കറ്റെടുത്തു. പതിനെട്ടാം ഓവര്‍ മോഹന്‍ലാലാണ് എറിഞ്ഞത്. ഒരു ക്യാച്ച് നഷ്ടപ്പെട്ട ഈ ഓവറില്‍ പതിനൊന്ന് റണ്‍സ് വിട്ടുകൊടുക്കേണ്ടിയും വന്നു. ഇതുള്‍പ്പടെ മൊത്തം മൂന്ന് ക്യാച്ചുകള്‍ സ്‌ട്രൈക്കേഴ്‌സ് നഷ്ടമാക്കിയെങ്കിലും അവസാന ഓവറില്‍ മണിക്കുട്ടന്‍ എടുത്ത ക്യാച്ച് ശരിക്കും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതായിരുന്നു.

129 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ ഓപ്പണര്‍മാര്‍ ശരിക്കും നന്നായി സൂത്രണം ചെയ്താണ് ഓരോ പന്തും കളിച്ചത്, ഓരോ റണ്ണും നേടിയത്. ശരിക്കും അന്താരാഷ്ട്ര താരങ്ങളുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു രാജീവ് പിള്ളയുടെ ബാറ്റിങ് പ്രകടനം. അത്ര കൃത്യവും സാങ്കേതികത്തികവുമുറ്റതായിരുന്നു ഓരോ ഷോട്ടും. ഒരുവേളയിലും കേരളത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. 38 എക്‌സ്ട്രാസ് വിട്ടുകൊടുത്ത മുംബൈ ഫീല്‍ഡിങ്ങിലും മോശപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

Thursday, 19 January 2012

Sebastain Paul

കേള്‍ക്കരുതാത്തത് കേള്‍ക്കേണ്ടി വരുന്നത് നമ്മുടെ ദുര്യോഗമാണ്. മുസ്ലിം ലീഗുകാരും പത്രപ്രവര്‍ത്തകരുമടക്കം 258 മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്ത മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചിട്ടില്ളെങ്കിലും പത്രപ്രവര്‍ത്തക യൂനിയന്‍െറ ശക്തമായ പ്രതികരണമുണ്ടായി. ഡി.ജി.പിയുടെ ദുര്‍ബലമായ വിശദീകരണത്തോടെയും അതിന്‍െറ അടിസ്ഥാനത്തിലുള്ള മന്ത്രിസഭയുടെ തൃപ്തികരമല്ലാത്ത തീരുമാനത്തോടെയും അവസാനിപ്പിക്കാവുന്നതല്ല മാധ്യമത്തിലൂടെ പരസ്യമാക്കപ്പെട്ട സര്‍ക്കാറിന്‍െറ രഹസ്യനീക്കം ഉയര്‍ത്തുന്ന ആശങ്ക.
മാധ്യമപ്രവര്‍ത്തകരുടെ ഇ-മെയില്‍ ചോര്‍ത്തുന്നതിനുള്ള നീക്കത്തെ അതീവഗുരുതരമായാണ് കാണേണ്ടത്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ദുരുപദിഷ്ടമായ നീക്കമാണത്. വല വിരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പൊലീസിന് അധികാരമുണ്ട്. എന്നാല്‍, സ്വകാര്യസ്വത്തിലോ സ്വകാര്യതയിലോ കടക്കണമെങ്കില്‍ നിയമം അനുവദിക്കണം. ഭൗതികലോകത്തെപോലെ സൈബര്‍ ലോകത്തും ഈ വിലക്ക് ബാധകമാണ്.
ഈ വിലക്ക് രഹസ്യമായി മറികടക്കുന്നതിനാണ് ഭരണകൂടവും ഭരണകൂടത്തിന്‍െറ ഏജന്‍സികളും ശ്രമിക്കുന്നത്. ആദിയില്‍ കിങ്കരന്മാരുടെ ഒളിഞ്ഞുനോട്ടമായിരുന്നു. പിന്നെ, കത്തുകള്‍ പൊട്ടിക്കുന്നതും ടെലിഫോണ്‍ ചോര്‍ത്തുന്നതും വ്യാപകമായി. ആരുടെ കത്തും നിയമപരമായി പൊട്ടിച്ചു വായിക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് രാജീവ് ഗാന്ധി തപാല്‍ നിയമം ഭേദഗതി ചെയ്തത്. സെയില്‍ സിങ് ഒപ്പിടാന്‍ വിസമ്മതിച്ചതുകൊണ്ട് അത് നിയമമായില്ല. പക്ഷേ, നനഞ്ഞ തുണിയില്‍ ചൂടുള്ള തേപ്പുപെട്ടി വെച്ച് പശയിളക്കുന്ന സാങ്കേതികവിദ്യ ഇപ്പോഴും പ്രയോഗത്തിലുണ്ട്. ആരുടെ ഫോണും അനായാസം ചോര്‍ത്താം. ആരുടെ വര്‍ത്തമാനവും രഹസ്യമായി രേഖപ്പെടുത്താം. നമ്മുടെ സ്വകാര്യതയില്‍ പൊലീസിന്‍െറ അദൃശ്യവും നിയമവിരുദ്ധവുമായ സാന്നിധ്യമുണ്ട്.
കുളിക്കടവിലെ ഒളിനോട്ടം പോലെ ഇത്തരം പ്രവൃത്തികള്‍ മാന്യതക്കു നിരക്കുന്നതല്ളെന്ന തിരിച്ചറിവ് പരിഷ്കൃതസമൂഹത്തിനുണ്ട്. ഈ തിരിച്ചറിവ് നിയമത്തിന്‍െറ ഭാഷയില്‍ സ്വകാര്യത എറിയപ്പെടുന്നു. വിലപ്പെട്ടതും അലംഘനീയവുമായ മനുഷ്യാവകാശമായി സ്വകാര്യത ഇന്ന് പരിഗണിക്കപ്പെടുന്നു. എന്നാല്‍, അനഭിമതരാകുന്ന വിഭാഗങ്ങള്‍ക്ക് പല അവകാശങ്ങള്‍ക്കൊപ്പം ഇതും നിഷേധിക്കാവുന്നതാണെന്ന് ഭരണകൂടങ്ങള്‍ കരുതുന്നു. മുസ്ലിം ലീഗില്ളെങ്കില്‍ യു.ഡി.എഫ് ഇല്ളെന്ന അവസ്ഥയിലും കേരളത്തിലെ മുസ്ലിംകള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ എന്തിന് വെറുതെ അമേരിക്കയെയും മോഡിയെയും കുറ്റപ്പെടുത്തണം.
ഒളികാമറയും ഒളിഞ്ഞുനോട്ടവും മാധ്യമപ്രവര്‍ത്തനത്തിന്‍െറ ഭാഗമായിട്ടുണ്ട്. സ്റ്റിങ് ഓപറേഷന്‍െറ സാധുതയെക്കുറിച്ച് ഇനിയും അന്തിമവാക്കായിട്ടില്ല. വിലക്കപ്പെട്ട ഇടങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടെന്നു വെക്കാനാവില്ല. അതുകൊണ്ടാണ് പ്രവേശമില്ലാത്തിടത്ത് അവര്‍ ചിപ്പ് വെക്കുന്നത്. എന്നാല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിനു പ്രത്യാഘാതമുണ്ടാകും. റൂപര്‍ട്ട് മര്‍ഡോക്കിന്‍െറ കിരീടത്തിലെ വജ്രം എന്ന് പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ലണ്ടനിലെ ന്യൂസ് ഓഫ് ദ വേള്‍ഡ് പൊടുന്നനെ അടച്ചുപൂട്ടേണ്ടി വന്നത് വാര്‍ത്താശേഖരണത്തിന്‍െറ ഭാഗമായി ടെലിഫോണ്‍ ചോര്‍ത്തല്‍ എന്ന നിയമവിരുദ്ധപ്രവര്‍ത്തനം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ്.
‘1984’ എന്ന പ്രവചനകൃതിയില്‍ ജോര്‍ജ് ഓര്‍വെല്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ 1984നു മുമ്പേ ദൃശ്യമായി. വാട്ടര്‍ഗേറ്റിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ആസ്ഥാനത്ത് ചാരപ്പണിക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിച്ചതിന്‍െറ അനന്തരഫലമായിരുന്നു പ്രസിഡന്‍റ് നിക്സന്‍െറ അപമാനകരമായ രാജി. രാജീവ് ഗാന്ധിയുടെ വസതിയില്‍ പൊലീസ് നടത്തിയ നിരീക്ഷണം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചപ്പോഴാണ് ചന്ദ്രശേഖറിന്‍െറ മന്ത്രിസഭ നിലംപതിച്ചത്. കര്‍ണാടകയിലെ ടെലിഫോണ്‍ ചോര്‍ത്തല്‍ വിവാദമായപ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്തമേറ്റ് രാമകൃഷ്ണ ഹെഗ്ഡേക്ക് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇപ്രകാരം ഗുരുതരമായ ഭവിഷ്യത്തിനു ഇടയാകുന്ന അധാര്‍മിക പ്രവൃത്തിയാണ് ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് നടത്തിയത്. ഭാര്യയുടെ വിശ്വസ്തത ഉറപ്പാക്കുന്നതിന് ഡിറ്റക്ടീവിനെ നിയോഗിക്കുന്നതിനു സമാനമായ അധമകൃത്യമാണ് തനിക്കു താങ്ങായി നില്‍ക്കുന്ന മുസ്ലിം ലീഗിന്‍െറ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ചത്. മുസ്ലിംകള്‍ അനുഭവിക്കുന്ന അന്യതാബോധത്തിനു ആക്കം കൂട്ടുന്ന കാര്യമായതിനാല്‍ ഇത് അവരുടെ കാര്യമെന്നു കരുതി നിശ്ശബ്ദമാകാന്‍ പൊതുസമൂഹത്തിനു കഴിയില്ല. മാധ്യമപ്രവര്‍ത്തകര്‍കൂടി അതിനിരയാകുമ്പോള്‍ ജനാധിപത്യസമൂഹത്തിനു പ്രതിഷേധിക്കാതിരിക്കാനുമാവില്ല.
ആരില്‍നിന്നോ കിട്ടിയ ഇ-മെയില്‍ വിലാസങ്ങള്‍ ആരുടേതെന്ന അന്വേഷണം മാത്രമാണ് പൊലീസ് നടത്തിയതെന്ന ഡി.ജി.പിയുടെ വിശദീകരണം വിശ്വസനീയമല്ല. അയാളില്‍നിന്നുതന്നെ കിട്ടാവുന്ന വിവരം മാത്രമാണത്. അല്ളെങ്കില്‍ ആ വിലാസങ്ങളില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണം ഉണ്ടാകുമായിരുന്നു. വഹാബും സമദാനിയും ഉള്‍പ്പെടെ ലിസ്റ്റില്‍ കണ്ട പേരുകാര്‍ രഹസ്യമായി ഇ-മെയില്‍ വിലാസം സൂക്ഷിക്കുന്നവരല്ല. ഡി.ജി.പി പറഞ്ഞതുപോലെ അവരുടെ പേരില്‍ ആരെങ്കിലും വ്യാജവിലാസം ഉണ്ടാക്കിയിട്ടുണ്ടോ എന്ന അന്വേഷണമാണ് പൊലീസ് നടത്തിയതെങ്കില്‍ അവരാരും അങ്ങനെയൊരു പരാതി നല്‍കിയിട്ടുമില്ല.
പൗരസമൂഹത്തിന്‍െറ സ്വകാര്യതയിലേക്ക് പട്ടാളവും പൊലീസും അതിക്രമിച്ചു പ്രവേശിക്കരുതെന്ന കല്‍പന മാഗ്നാ കാര്‍ട്ട മുതലുള്ളതാണ്. പൊലീസിന്‍െറ അര്‍ധരാത്രിയിലെ ഭവനസന്ദര്‍ശനത്തെ ചോദ്യംചെയ്ത കേസില്‍നിന്നാണ് സ്വകാര്യത എന്ന മൗലികാവകാശം സുപ്രീംകോടതി വികസിപ്പിച്ചെടുത്തത്. പൊലീസിന്‍െറ വിളി കേള്‍ക്കാതെ ഉറങ്ങുന്നതിനുള്ള ജനങ്ങളുടെ അവകാശം ജസ്റ്റിസ് മാത്യു പ്രഖ്യാപിച്ച വര്‍ഷംതന്നെ പതിനായിരക്കണക്കിനു വാതിലുകള്‍ അര്‍ധരാത്രി പൊലീസ് ചവിട്ടിത്തുറന്നു. അത് അടിയന്തരാവസ്ഥ. ആ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന തെറ്റാണ് മെയില്‍ ചോര്‍ത്തലിലൂടെ ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് ചെയ്തത്.
സെന്‍സര്‍ഷിപ്പിനു സമാനമായ നിയന്ത്രണമാണ് ചോര്‍ത്തല്‍. സ്വതന്ത്രമായ വിവരശേഖരണം അതോടെ അസാധ്യമാകുന്നു. രഹസ്യത്തില്‍ വിനിമയം ചെയ്യപ്പെടുന്ന വിലപ്പെട്ട വസ്തുവാണ് വാര്‍ത്ത. രഹസ്യത്തില്‍ നല്‍കുന്നയാളിന്‍െറ പേരും രഹസ്യമായിരിക്കും. മാധ്യമപ്രവര്‍ത്തകന്‍െറ സ്വാതന്ത്ര്യത്തിന്മേലുള്ള അപകടകരമായ കൈയേറ്റമാണ് ചോര്‍ത്തല്‍ എന്ന നാണംകെട്ട ഏര്‍പ്പാട്. ടെലിഫോണായാലും ഇ-മെയിലായാലും ചോര്‍ത്തലിന്‍െറ സാധ്യത നിലനില്‍ക്കുമ്പോള്‍ സ്വതന്ത്രവും കാര്യക്ഷമവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാകും. അതാകാം സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്; പക്ഷേ സ്വതന്ത്രസമൂഹത്തിന്‍െറ ആഗ്രഹം അതല്ല.
രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പരസ്യപ്പെടുത്തുന്നയാളെ വിസില്‍ ബ്ളോവറെന്നാണ് വിളിക്കുന്നത്. അവര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. അതു തടയുന്നതിനുള്ള നിയമപരമായ പരിരക്ഷ നല്‍കാന്‍ പാര്‍ലമെന്‍റ് തയാറായി. വിവരങ്ങള്‍ നല്‍കാന്‍ തയാറുള്ളവരുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയുമ്പോഴാണ് പൊതുതാല്‍പര്യമുള്ള വാര്‍ത്തയുണ്ടാകുന്നത്. പൊലീസിന്‍െറ നിരീക്ഷണത്തില്‍ ഈ പ്രവര്‍ത്തനം അസാധ്യമാകും.
ഗുരുതരമായ ഈ വിപത്തിനെക്കുറിച്ചുള്ള അറിയിപ്പാണ് മാധ്യമം വാര്‍ത്തയിലൂടെ നമുക്ക് ലഭിച്ചത്. വിപത്തിനെ മുളയിലേ നുള്ളിക്കളയുന്നതിനു പകരം വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാകൃതമായ ഈ സമീപനം ഉമ്മന്‍ ചാണ്ടി ഒൗദ്യോഗികനയമായി സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണ്. ജയിലിലെ ഫോണ്‍വിളി പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധമായ നിലപാട് പൊലീസിന്‍െറ ചോര്‍ത്തല്‍ വെളിപ്പെടുത്തിയ മാധ്യമത്തിനെതിരെ ആവര്‍ത്തിക്കാനാണോ നീക്കം? ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും സംപ്രീതരായേക്കാം. പക്ഷേ, അത്തരക്കാരുടെ സംതൃപ്തിയില്‍ സ്വാതന്ത്ര്യബോധമുള്ള പൊതുസമൂഹത്തിന് പങ്കുചേരാനാവില്ല.


Sharing this page …
Thanks! Close

Anto Antony

കോട്ടയം: ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവാസികള്‍ക്കു വേണ്ടി, പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയ പത്തനംതിട്ട എം.പി. ആന്റോ ആന്റണിക്ക്‌ ഫോമയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചു. കോട്ടയത്തു നടന്ന ഫോമാ കണ്‍വെന്‍ഷനില്‍ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചു.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു രാഷ്ര്‌ടീയ പ്രവര്‍ത്തകനാണ്‌ ആന്റോ ആന്റണിയെന്നും എല്ലാ പ്രവാസി വിഷയങ്ങളിലും ആത്മാര്‍ത്ഥ പ്രവര്‍ത്തനം കൊണ്ട്‌ കേരള ജനതയിലും, പ്രവാസികളിലും ഇടം നേടിയ മറ്റൊരു രാഷ്ര്‌ടീയ പ്രവര്‍ത്തകന്‍ ഉണ്ടോ എന്ന്‌ സംശയമാണെന്നും അവാര്‍ഡ്‌ നല്‍കികൊണ്ട്‌ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.

അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തെ തന്റെ നെഞ്ചോട്‌ ചേര്‍ത്തുപിടിക്കുന്നുവെന്നും പ്രവാസികളുടെ എം.പി.യായിട്ട്‌ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ , സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.അനില്‍ പെണ്ണുക്കര അറിയിച്ചയാണിത്‌.

London Malayalie Council

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം ബേബി കാക്കശ്ശേരിക്ക്‌
ലണ്ടന്‍: 2011ലെ എല്‍.എം.സി സാഹിത്യ പുരസ്‌കാരം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ബേബി കാക്കശ്ശേരിയുടെ ഹംസഗാനം എന്ന കവിതാ സമാഹാരത്തിന്‌ ലഭിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളെഴുതുന്ന ബേബി ഹംസഗാനം എന്ന സമാഹാരത്തിലൂടെ ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകളും, എത്ര ഉന്നതരായാലും മനുഷ്യന്‍ മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കണമെന്ന സന്ദേശവും നല്‍കുന്നു. മാതൃസ്‌നേഹവും ഭാഷാസ്‌നേഹവും ഹംസഗാനം കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നതായി ജൂറി ചെയര്‍മാനാന്‍ കാരൂര്‍ സോമന്‍, കവി പീറ്റര്‍ നീണ്ടൂര്‍ (അമേരിക്ക), ശശി ചെറായി, അമ്പലപ്പറമ്പില്‍ അവറാന്‍ എന്നിവര്‍ വിലയിരുത്തി.

ഉന്നതരായ കവികളൊക്കെ മനുഷ്യത്വരഹിതമായ സമൂഹത്തിന്റെ തിന്മകളും പൊങ്ങച്ച-പൊള്ളത്തരങ്ങളുമൊക്കെ തുറന്നെഴുതുന്നവരാണെന്നും അവരുടെ കവിതകള്‍ കരുത്തും ശക്‌തിയുമുള്ളവയാണെന്നും അതിന്റെ മഹത്വം കാലങ്ങളിലായി വായിക്കുന്ന മനുഷ്യരില്‍ അനുഭവസമ്പത്ത്‌ വര്‍ധിപ്പിക്കുമെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തി പത്രവും കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന്‌ ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ്‌ സണ്ണി പത്തനംതിട്ട അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0141 634 9884, 0795 1585 396.

Corck Syro Malabar Community

കോര്‍ക്ക്‌ സീറോ മലബാര്‍ കാമ്മ്യൂണിറ്റിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു
കോര്‍ക്ക്‌: അയര്‍ലണ്ടിലെ കോര്‍ക്കിലുള്ള സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെപുതിയ വര്‍ഷത്തേക്കുള്ള ചര്‍ച്ച്‌ കമ്മിറ്റിയെ ,റവ. പോള്‍ പയ്യംപള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുക്കുകയും, അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് സ്‌ഥാനമേല്‍ക്കുകയും ചെയ്‌തു.

ട്രസ്‌റ്റിമാരായി വിനോദ്‌ മാണി, സിറിയക്ക്‌.സി.ജോസ്‌, തോമസ്‌ ചാക്കോ, എബ്രഹാം തോമസ്‌ എന്നിവരെ തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങള്‍ ആയി ലാലി വര്‍ഗീസ്‌, റോബിന്‍ ജോണ്‍, ഷീല ജോണ്‍സന്‍, രാജു ജോണ്‍, സണ്ണി തോമസ്‌, ജെയ്‌സന്‍ ജോസഫ്‌, ഷാജി കുര്യന്‍,ബിജു ചീരംകുന്നേല്‍, ബാബു ഇമ്മാനുവേല്‍, എന്നിവരെയും തിരഞ്ഞെടുത്തു.

സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ മുന്‍ കമ്മറ്റി അംഗങ്ങള്‍ക്ക്‌ റവ. പോള്‍ പയ്യമ്പള്ളി നന്ദി രേഖപ്പെടുത്തി. കമ്മ്യൂണിറ്റിയെ ആത്മാര്‍ഥമായി നയിക്കാന്‍ പുതിയ അംഗങ്ങളെ റവ.പോള്‍ പയ്യമ്പള്ളി അംഗങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു.